സാമൂഹിക സാംസ്കാരിക ചരിത്രം പാലായുടെ ചരിത്രം ശരിയായി അറിയുവാന്‍ കോട്ടയം ജില്ലയുടെ ചരിത്രം പൊതുവെ മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്ക് പ്രദേശം പഴയ തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ രാജ്യങ്ങളുടെ ഏതാനും ഭാഗങ്ങളിലും മീനച്ചില്‍, പൂഞ്ഞാര്‍ എന്നീ രാജ്യങ്ങളിലുമായി സ്ഥിതി ചെയ്തിരുന്നു. ആയതിനാല്‍ മീനച്ചില്‍ താലൂക്കിന്‍റെ ആസ്ഥാനമായ പാലായുടെ ചരിത്രം അന്വേഷിക്കുന്നയാള്‍ കുറേ മുന്‍കാലചരിത്രം അറിയേതുണ്ട്  

                              കുലശേഖരസാമ്രാജ്യകാലത്തിനു മുമ്പുള്ള കോട്ടയത്തെപ്പറ്റി ആധികാരികമായ രേഖകള്‍ നമുക്കു ലഭിച്ചിട്ടില്ല. വടക്കുംകൂര്‍ തെക്കുംകൂര്‍ രാജാക്കന്മാരുടെ  കാലഘട്ടത്തെ സംബന്ധിച്ചിടത്തേളം ആ പ്രയാസമില്ല. എന്നാല്‍ മീനച്ചില്‍, പൂഞ്ഞാര്‍ രാജാക്കന്മാരുടെ കഥയും കൂടി ഉള്‍പ്പെടുത്തിയാലേ കോട്ടയത്തിന്‍റെ പൂര്‍ണ്ണ ചരിത്രമാവുകയുള്ളു.

പുരാതനകാലചരിത്രം

                 കോട്ടയവും പരിസരങ്ങളും ക്രിസ്ത്വബ്ദത്തിനു വളരെക്കാലം മുമ്പ് കടല്‍ത്തീരമായിരുന്നെന്നു കരുതാന്‍ ന്യായങ്ങളുണ്ട് . വേമ്പനാട്ടുകായലിനു സമീപമുള്ള ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം എന്നീ താലൂക്കുകള്‍ പണ്ടു വെള്ളത്തിനടിയിലായിരുന്നു. ചില സ്ഥലനാമങ്ങള്‍ ഈ വസ്തുത തെളിയിക്കുന്നു. കടലിലെ തുരുത്ത് എന്നര്‍ത്ഥമുള്ള കടുത്തുരുത്തിയും പുതിയ കര എന്ന വിവക്ഷയുള്ള വൈക്കവും ഉദാഹരണങ്ങളാണ്. പുരാതന തമിഴ് സാഹിത്യത്തിലെ പെരുന്തുറ വൈക്കമാണെന്നു കരുതുന്നവരുണ്ട് . വാണിജ്യത്തിനായി വന്നിരുന്ന വിദേശക്കപ്പലുകള്‍ നങ്കൂരമടിച്ചിരുന്നത് വൈക്കത്തെ പെരിയ തുറമുഖത്തായിരിക്കണം. കോട്ടയം ജില്ലയിലെ ചില സ്ഥലനാമങ്ങള്‍ പ്ലിനിയുടെയും ടോളമിയുടെയും ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പുറക്കാടിന് ബക്കാറെ എന്നും അതിരമ്പുഴക്ക് അതരീമ എന്നും ചെമ്പിന് ചെമ്ന എന്നും അവര്‍ പേര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആനക്കൊമ്പ്, വീട്ടിത്തടി, ചന്ദനം, കുരങ്ങ്, മയില്‍, കുരുമുളക്, ഏലം, ഇഞ്ചി എന്നിവ കോട്ടയത്തുനിന്ന് വിദേശത്തേക്കു കയറ്റി അയച്ചിരുന്നു. 

കുലശേഖരകാലം 

                                                എ.ഡി. 800 - 1102 വരെയുളള കുലശേഖര സാമ്രാജ്യകാലത്ത് കോട്ടയം പ്രസ്തുത സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നുവെന്ന് രേഖകളുണ്ട്. വാഴപ്പിള്ളിയിലെ രാജശേഖരലിഖിതങ്ങള്‍ (820-844) രാമവര്‍മ്മകുലശേഖരന്‍റെ (1090-1102) പെരുന്നലിഖിതങ്ങള്‍ മുതലായവയാണ് അതില്‍ പ്രധാനം. കുലശേഖരസാമ്രാജ്യകാലത്ത് നന്തുഴനാട്, മുഞ്ഞനാട്, വെമ്പലനാട്, എന്നിങ്ങനെ കോട്ടയത്തെ മൂന്നായി വിഭജിച്ചിരുന്നു. അവയുടെ അതിര്‍ത്തി വ്യക്തമായി നിര്‍ണ്ണയിക്കുന്ന രേഖകള്‍ ലഭിച്ചിട്ടില്ല. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളും മീനച്ചില്‍ താലൂക്കിന്‍റെ ഒരു ഭാഗവും ഹൈറേഞ്ച് മുഴുവനും ആലപ്പുഴ ജില്ലയിലെ തിരുവല്ല. ചെങ്ങന്നൂര്‍ താലൂക്കുകളും ചേര്‍ന്നതായിരുന്നു നന്തുഴനാട്. കോട്ടയവും ഏറ്റുമാനൂരും മുഞ്ഞനാട്ടില്‍ ഉള്‍പ്പെട്ടിരുന്നു. വൈക്കം താലൂക്കും മീനച്ചില്‍ താലൂക്കിന്‍റെ ചില ഭാഗങ്ങളും ചേര്‍ന്നതായിരുന്നു വെമ്പലനാട്. ഈ മൂന്നു നാടുകളും കുലശേഖരസാമ്രാജ്യത്തിനു കീഴ്പ്പെട്ടിരുന്നു. മഹോദയപുരത്തെ ചേരചക്രവര്‍ത്തി നിയമിക്കുന്ന നാടുവാഴികളാണ് ഇവ ഭരിച്ചിരുന്നത്. വെമ്പലനാട്ടില്‍ നിന്നാണ് വേമ്പനാട്ടുകായല്‍ എന്ന പേരുണ്ടായത്.

 അവലംബം പാലാ നഗരസഭ സമഗ്രവികസന റിപ്പോര്‍ട്ട് 1996 

വടക്കുംകൂറും തെക്കുംകൂറും

                                        എ.ഡി. 1100 ല്‍ വെമ്പലനാട് തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. അതിനുശേഷവും ഈരണ്ടു രാജ്യങ്ങളിലെ രാജാക്കന്മാരെ ബീംബാലീസന്മാരെന്ന്  വിളിച്ചിരുന്നു. ഉണ്ണി നീലിസന്ദേശത്തിലും വടക്കും കൂര്‍ രാജാക്കന്മാരെയും തലസ്ഥാനമായ കടുത്തുരുത്തിയെയും പറ്റി വിവരിക്കുന്നുണ്ട്. പോര്‍ട്ടുഗീസുകാര്‍ 1498 ല്‍ കേരളത്തില്‍ വന്നപ്പോള്‍ വടക്കുംകൂര്‍ തെക്കുംകൂര്‍ കേരളരാഷ്ട്രീയത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തിത്തുടങ്ങിയിരുന്നു. ഇവയൊടൊപ്പം കോട്ടയം ജില്ലയുടെ വടക്കു കിഴക്കുഭാഗത്തു പൂഞ്ഞാര്‍ മീനച്ചില്‍ എന്നീ രണ്ടു രാജ്യങ്ങളും പ്രസിദ്ധമായിരുന്നു.

 തെക്കുംകൂറിന്‍റെ പ്രാരംഭകാലം

                                             കോട്ടയം ജില്ലയിലെ ഏറ്റവും പ്രബലമായ രാജ്യമായിരുന്നു തെക്കുംകൂര്‍. പഴയ വെമ്പലനാടിന്‍റെ തെക്കേഭാഗമായ ഈ രാജ്യം വടക്കുംകൂറിന്‍റെ തെക്കുംഭാഗത്തു സ്ഥിതിചെയ്തിരുന്നു. കിഴക്ക് ഇല്ലിക്കല്‍ കൊടുമുടിയും പടിഞ്ഞാറ് വേമ്പനാട്ടുകായലും വടക്ക് കാണക്കാരി കുന്നും തെക്ക് കൈപ്പട്ടൂര്‍ കടവുമായിരുന്നു അതിന്‍റെ അതിര്‍ത്തികള്‍, വെന്നിമല, മണികണ്ഠപുരം, നാട്ടാശ്ശേരി, തളിയില്‍ (താഴത്തങ്ങാടി എന്നിവടങ്ങളില്‍ തെക്കുംകൂര്‍ രാജാക്കന്മാര്‍ മാറിമാറി തലസ്ഥാനം സ്ഥാപിച്ചിട്ടുണ്ട് .തെക്കുംകൂര്‍ കൊച്ചിയുടെ സാമന്തരാജ്യമായിരുന്നെങ്കിലും പലപ്പോഴും പരസ്പരം കലഹിച്ചിട്ടുണ്ട്. അത്തരം കലഹങ്ങള്‍ വടക്കുംകൂറുമായും ഉണ്ടായിട്ടുണ്ട് . തമിഴ് കവി സീതാരാമന്‍ 18-സംസ്കൃത ചമ്പുവില്‍ തെക്കുംകൂറും വടക്കുംകൂറും തമ്മിലുണ്ടായ യുദ്ധത്തെപ്പറ്റി വിവരിച്ചിരിക്കുന്നു. 

ഡച്ചുകാരും തെക്കുംകൂറും 

                                 യൂറോപ്യന്മാരുടെ വരവിനുശേഷം അവരുമായി ഇതരരാജ്യങ്ങളെപ്പോലെതന്നെ തെക്കുംകൂറിനും ഏറ്റുമുട്ടേണ്ടി വന്നു. പോര്‍ട്ടുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും തെക്കുംകൂറില്‍ കാലുറപ്പിക്കുവാന്‍ കഴിഞ്ഞില്ല. ഡച്ചുകാര്‍ കൊച്ചിപിടിച്ചടക്കിയ ഉടനെ (1163)തെക്കും കൂറുമായി ഒരു സന്ധിയില്‍ ഏര്‍പ്പെടുന്നതിന് ഹെന്‍റിക് വാന്‍റീസ് നിയോഗിക്കപ്പെട്ടു. പക്ഷേ ദൗത്യം പരാജയപ്പെട്ടു. തെക്കുംകൂറിലെ കുരുമുളകു കണ്ടു  ഡച്ചുകാര്‍ പിന്നെയും തെക്കുംകൂറുമായി മൈത്രീബന്ധത്തിനു ശ്രമിച്ചു. 1664 ഏപ്രില്‍ 19 ന് തെക്കുംകൂറിലെ കുരുമുളക് വാങ്ങിക്കാന്‍ അവകാശം സിദ്ധിച്ചുവെന്ന് ഡച്ച് പ്രതിനിധി ഹുസെറ്റര്‍ട്ട് ബെറ്റാവീയായിലേക്ക് റിപ്പോര്‍ട്ടു ചെയ്തു. ഒക്ടോബര്‍ 1 ന് ഉ ണ്ടായ  കരാര്‍ അനുസരിച്ച് തെക്കുംകൂര്‍ രാജാവ് തന്‍റെ രാജ്യത്തെ മുഴുവന്‍ കുരുമുളകും ഡച്ചുകമ്പനിക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതനായി. പകരം തെക്കുംകൂറില്‍ കറുപ്പു വില്‍ക്കാനുള്ള അനുമതി ഡച്ചുകമ്പനിക്കു കിട്ടി. അതേ സമയം തെക്കുംകൂറില്‍ ഒരൊറ്റ കത്തോലിക്കാ പുരോഹിതനെയും പ്രവേശിപ്പിക്കരുതെന്നും സെന്തോമസ് ക്രിസ്ത്യാനികളുമായി മമത പുലര്‍ത്തിക്കൊള്ളണമെന്നും നിര്‍ബന്ധനയുമുണ്ടായിരുന്നു.

വടക്കുംകൂറും ഡച്ചുകാരും 

     വൈക്കം ഏറ്റുമാനൂര്‍ പ്രദേശം, മീനച്ചില്‍ താലൂക്കിന്‍റെ ഒരു ഭാഗം, തൊടുപുഴ, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകള്‍, ചേര്‍ത്തല താലൂക്ക് എന്നിവ ഉള്‍പ്പെട്ടതായിരുന്നു വടക്കുംകൂര്‍ രാജ്യം. തൊടുപുഴയും മൂവാറ്റുപുഴയും ആദ്യം കീഴ്മലനാടിന്‍റെ ഭാഗമായിരുന്നു. തൊടുപുഴയിലെ കാരിക്കോടായിരുന്നു കീഴ്മലനാടിന്‍റെ തലസ്ഥാനം 1600 ലാണ് അതു വടക്കുംകൂര്‍ രാജ്യത്തു ലയിപ്പിച്ചത്. 

                       വടക്കുംകൂര്‍ രാജാക്കന്മാർ നായന്മാരായിരുന്നു . അനേകം താവഴികള്‍ ഉണ്ടായിരുന്നു. വിവിധ ഘട്ടങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ അവര്‍ തലസ്ഥാനം സ്ഥാപിച്ചു. കടുത്തുരുത്തി, മാന്നാര്‍, കൈപ്പുഴ, ളാലം, വെള്ളിലാപ്പള്ളി, തൊടുപുഴ, വൈക്കം മുതലായവയായിരുന്നു ആ സ്ഥലങ്ങള്‍, പോര്‍ട്ടുഗീസുകാരുടെ കാലത്തു വടക്കുംകൂറില്‍ പ്രഗല്‍ഭരായ ഭരണകര്‍ത്താക്കള്‍ ഉണ്ടായിരുന്നു. അക്കാലത്തു (1648) എഴുതപ്പെട്ട പള്ളിപ്പാട്ടുകളില്‍ വടക്കുംകൂര്‍ രാജാക്കന്മാർ ക്രിസ്ത്യാനികളുടെ ഉപയോഗത്തിന് പള്ളികള്‍ നിര്‍മ്മിക്കാന്‍ ധനസഹായം ചെയ്തിരുന്നുവെന്ന് പറയുന്നുണ്ട് . പ്രധാനമായും കുരുമുളകു ലഭിക്കുവാന്‍ വേ ിയാണ് ഡച്ചുകാര്‍ വടക്കുംകൂറിനോട് മമത പുലര്‍ത്തിയിരുന്നത്. എങ്കിലും വടക്കുംകൂറിന്‍റെ ഏതാനും ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ ഡച്ചുകാര്‍ കരുക്കള്‍ നീക്കി. പക്ഷേ മാര്‍ത്താണ്ഡവര്‍മ്മ (1729-1758) യുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ പദ്ധതി പൊളിച്ചു. 1741 ല്‍ കൊളച്ചല്‍ യുദ്ധത്തില്‍ ഡച്ചുസൈന്യത്തെ തിരുവിതാംകൂര്‍ ദയനീയമായി തോല്പിച്ചു. 

വടക്കുംകൂറും തെക്കുംകൂറും തിരുവിതാംകൂറില്‍ ചേര്‍ക്കുന്നു. 

             വടക്കുംകൂര്‍ തെക്കുംകൂര്‍ രാജാക്കډാര്‍ ഡച്ചുകാരുമായി മമതലായിരുന്നത് മാര്‍ത്താണ്ഡവര്‍മ്മയെ സംശയാലുവാക്കി. കായകുളവും അമ്പലപ്പുഴയും പിടിച്ചടക്കിയതിനുശേഷം രാജാവ് തെക്കുംകൂറിന്‍റെയും വടക്കുംകൂറിയും നേരെ തിരിഞ്ഞു. തിരുവിതാംകൂര്‍ സൈന്യം ക്യാപ്റ്റന്‍ ഡിലനായിയുടെ നേതൃത്വത്തില്‍ തെക്കുംകൂറിലേക്കു മാര്‍ച്ചുചെയ്തു. നായര്‍ മാടമ്പിമാരും ശിക്ഷണബോധമില്ലാത്ത പ്രഭുക്കന്മാരും  ചേര്‍ന്നുളള തെക്കുംകൂര്‍ സൈന്യത്തിന് ശത്രുവിനെപ്പോലെ കരുത്തില്ലായിരുന്നു. അതിനാല്‍ തെക്കുംകൂര്‍ രാജാവ് ഒരു കൗശലം പ്രയോഗിച്ചു. ഒട്ടേറെ ബ്രാഹ്മണരെ സംഘടിപ്പിച്ച് അദ്ദേഹത്തിന്‍റെ സൈന്യത്തിന്‍റെ മുമ്പില്‍ നിറുത്തി. ബ്രാഹ്മണരെ കൊല്ലുന്നത് വലിയ പാപമായിരുന്നല്ലോ. പക്ഷേ ബ്രാഹ്മണനായിരുന്ന രാമയ്യര്‍ ദളവാതെക്കുംകൂര്‍ സൈന്യത്തിനെതിരായി താഴ്ന്ന ജാതിക്കാരായ മുക്കവരെ സംഘടിപ്പിച്ചു മുന്നോട്ടയച്ചു. അയിത്തം ഭയന്ന് തെക്കുംകൂറിന്‍റെ സൈന്യം പിന്നാക്കം പാഞ്ഞു. 1749 സെപ്തംബറില്‍ ചങ്ങനാശ്ശേരിയും ചുറ്റുമുള്ള പ്രദേശങ്ങളും തിരുവിതാംകൂര്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. അവരെല്ലാവരുംകൂടി കോട്ടയത്തേക്കു മാര്‍ച്ചുചെയ്തു തെക്കുംകൂര്‍ രാജാവിന്‍റെ കോട്ട തകര്‍ത്തു. തെക്കുംകൂറിനെ 1749 ഡിസംബറില്‍ തിരുവിതാംകൂറിനോടു ചേര്‍ത്തു. തുടര്‍ന്നു വടക്കുംകൂറിനെയും.

 പൂഞ്ഞാര്‍ രാജാവ് 

               വടക്കുകൂര്‍, തെക്കുംകൂര്‍ രാജ്യത്തെപ്പോലെ തന്നെ പൂഞ്ഞാര്‍ മീനച്ചില്‍ രാജ്യങ്ങളെയും സ്വന്തം ഭരണത്തിന്‍ കീഴിലാക്കുന്നതിന് മാര്‍ത്താണ്ഡവര്‍മ്മയ്ക്കു കഴിഞ്ഞു. പൂഞ്ഞാറിലെ പൂര്‍വ്വരാജാക്കന്മാർ  മധുരയില്‍ നിന്നു വന്ന പാണ്ഡിരാജ്യക്കാരാണ്. അവിടെ നിന്നുവരുന്ന ആദ്യകുടിയേറ്റസംഘത്തിന്‍റെ നേതാവ് മാനവിക്രമകുലശേഖരപ്പെരുമാളായിരുന്നു. കുടിയേറ്റം നടന്നത് 1189 ലായിരിക്കുമെന്നാണ് ചരിത്രകാരന്മാർ ഊഹിക്കുന്നത്. വടക്കേമലബാറില്‍ അലഞ്ഞുതിരിഞ്ഞ അവര്‍ പിന്നീട് ഇടപ്പള്ളിയില്‍ വന്നു. അവിടെ വച്ചു കുലശേഖരനും ഭാര്യയും മരിച്ചു. കുട്ടികളെയും ബന്ധുക്കളെയും മരണസമയത്ത് അവര്‍ ഇടപ്പള്ളി രാജാവിനെയാണ് ഏല്പിച്ചിരുന്നത്. അതില്‍ ഒരു രാജകുമാരിയെ സംബന്ധപ്രകാരം ഇടപ്പള്ളിരാജാവ് വിവാഹം ചെയ്തു. അങ്ങനെയാണ് പൂഞ്ഞാര്‍ രാജകുടുംബം തമിഴ് ജീവിതരീതി വെടിഞ്ഞ് നാട്ടുകാരായത്. ഇടപ്പള്ളി രാജാവ് മരിച്ചപ്പോള്‍ പൂഞ്ഞാര്‍ രാജകുടുംബത്തിലെ രാജ്ഞിക്ക് കൊച്ചി വിടേണ്ടി വന്നു. തെക്കോട്ടാണ് കുടുംബസമേതം രാജ്ഞി പുറപ്പെട്ടത്. വടക്കുംകൂറിലെത്തിയപ്പോള്‍ സീനിയര്‍ രാജകുമാരനായ കുലശേഖരപെരുമാള്‍ രോഗിയായി. നാട്ടാശ്ശേരി നമ്പൂതിരിയുടെ ചികിത്സയാല്‍ ആരോഗ്യം വീണ്ടെടുത്തു . അപ്പോഴാണ് പൂഞ്ഞാര്‍ പ്രദേശം വാങ്ങിക്കുവാന്‍ സാധിക്കുമെന്ന് കുലശേഖരപെരുമാള്‍ അറിഞ്ഞത്. അത് അന്ന് തെക്കുംകൂറിന്‍റെ കീഴിലായിരുന്നു. പൂഞ്ഞാര്‍ പ്രദേശം മുഴുവന്‍ എല്ലാ അവകാശങ്ങളോടും മോടികളോടുംകൂടെ മാനവിക്രമകുലശേഖരനു കൈമാറ്റം ചെയ്തു. ഒരു ചെമ്പേടിയില്‍ ഇതു സംബന്ധിച്ച കരാര്‍ കൊത്തിരേഖപ്പെടുത്തിയിട്ടുണ്ട്  തെക്കുംകൂര്‍ രാജാവിന്‍റെ സാന്നിദ്ധ്യത്തിലാണ് പൂഞ്ഞാറില്‍ മാനവിക്രമകുലശേഖരന്‍റെ സ്ഥാനാരോഹണം നടന്നത്. പാണ്ടിയില്‍ നിന്നു വന്ന കുടുംബത്തിന്‍റെ അവകാശികളുടെ ശൃംഖല അറ്റുപോയപ്പോള്‍ കൊടുങ്ങല്ലൂര്‍ രാജകുടുംബത്തിന്‍റെ ഒരു ശാഖയായ സര്‍ക്കാര്‍ കോവിലകത്തെ തലവനെ തെക്കുംകൂര്‍ രാജാവിന്‍റെ അനുമതിയോടെ പൂഞ്ഞാര്‍ രാജാവായി തെരഞ്ഞെടുത്തു. 

     തിരുവിതാംകൂറിനോടു ചേര്‍ക്കുന്നതിനുമുമ്പ് പൂഞ്ഞാര്‍ ഒരു സ്വാതന്ത്രരാജ്യമായിരുന്നു. സംയോജനത്തിനുശേഷവും പീരുമേടുമുതല്‍ ദേവികുളം വരെ ഹൈറേഞ്ചില്‍ ധാരാളം ഏക്കര്‍ സ്ഥലം പൂഞ്ഞാര്‍ രാജാവിനു സ്വന്തമായുണ്ടായിരുന്നു. ഈ പ്രദേശങ്ങള്‍ 15-ാം നൂറ്റാണ്ടിൽ  തെക്കുംകൂറില്‍ നിന്നു പൂഞ്ഞാര്‍ രാജാവ് വാങ്ങിച്ചതാണ്. 19-ാം നൂറ്റാണ്ടിൽ തേയില കൃഷിചെയ്യുന്നതിന് ഹൈറേഞ്ചിലെ ഈ പ്രദേശം ഇംഗ്ലീഷുകാര്‍ വാങ്ങിച്ചു. 1877 ജൂലൈ 11 ന് പൂഞ്ഞാര്‍ രാജാവായ കേരളവര്‍മ്മ വലിയരാജാവും ജോണ്‍ ഡാനിയേല്‍ മണ്‍റോയും തമ്മില്‍ നടന്ന കരാറാണ് ഇന്നത്തെ കണ്ണന്‍ തേവന്‍ കുന്നുകള്‍ ഇംഗ്ലീഷ് ഉടമസ്ഥതയിലാകാന്‍ കാരണം. 227 ച. മൈല്‍ വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശം 5000 രൂപയും വര്‍ഷംതോറം 3000 രൂപയും വാടകയും എന്ന വ്യവസ്ഥയിലാണ് നല്‍കിയത്. 

     മീനച്ചില്‍ രാജാവ് 

       ഏറ്റവും ഒടുവില്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറുമായി യോജിപ്പിച്ചത് മീനച്ചില്‍ രാജ്യമാണ്. ഞാവക്കാട്ട് കര്‍ത്താക്കളായിരുന്നു ഇതിന്‍റെ ഭരണാധിപډാര്‍. കുംഭകോണത്തെ വെങ്ങാലൂര്‍ നിന്നു വന്ന ശ്രീദേവി അംബികാദേവി എന്നീ രണ്ടു സ്ത്രീകളില്‍ നിന്ന് ഞാവക്കാട്ടു കുടുംബം ഉത്ഭവിച്ചു എന്നാണ് ഐതിഹ്യം. അവരെ വിവാഹം ചെയ്തുകൊണ്ടുവന്നത് എളങ്ങല്ലൂര്‍, ഏലബ്രക്കാട്ട് എന്ന സ്വരൂപങ്ങളുടെ അധിപന്മാരായിരുന്നു. ശ്രീവീരദാമോദരസിംഹരൂ  എന്നും ശ്രീവീരരാമസിംഹരൂ  എന്നും രണ്ടു പുത്രന്മാർ  അവര്‍ക്കുണ്ടായി. ശ്രീ വീരദാമോദരസിംഹരുവിനെയാണ് മീനച്ചിലിന്‍റെ അധിപനാക്കിയത്. മീനച്ചിലിനു വടക്ക് വേങ്ങാലൂരില്‍ താമസിച്ചിരുന്ന ഇവരുടെ അമ്മമാര്‍ പിന്നീട് മീനച്ചില്‍ വന്ന് പഴേടത്തുപറമ്പില്‍ താമസമാക്കി. ഈ ഐതിഹ്യത്തിനു ചരിത്രരേഖകളുടെ പിന്‍ബലമില്ല. എങ്കിലും 11-ാം നൂറ്റാണ്ടിലെ ഒരു പെരുമാള്‍ ക്ഷേത്രലിഖിതത്തില്‍ ഞാവര്‍ക്കാട് കുടുംബത്തിലെ എതിരന്‍ക വീരനെപ്പറ്റി പരാമര്‍ശമുണ്ട് . അതുപ്രകാരം ഇദ്ദേഹം കുമ്പാനിമഠത്തിലെ കുടുംബത്തിലെ സ്ത്രീകളും നമ്പൂരി ബ്രാഹ്മണരും തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനു കാരണമായിരുന്നിരിക്കണം. അടുത്തകാലം വരെ മീനച്ചില്‍ ഞാവക്കാട് സ്ത്രീകള്‍ നമ്പൂതിരി ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്തിരുന്നുള്ളു. അതിനാല്‍ ഞാവക്കാടു കുടുംബത്തിന്‍റെ ഉത്ഭവം എതിരന്‍കവിരനില്‍ നിന്നാണെന്ന് ന്യായമായും ഊഹിക്കാം. 

     മീനച്ചില്‍ രാജാക്കന്മാരുടെ  മുഖ്യമന്ത്രി അറക്കല്‍ മേനോന്‍ കുടുംബത്തില്‍ നിന്നും ധനകാര്യമന്ത്രി വളപ്പില്‍ മേനോന്‍ കുടുംബത്തില്‍ നിന്നുമായിരുന്നു. ഈ രണ്ടു പദവികളും പരമ്പരാഗതമായി കൈമാറിപ്പോന്നെങ്കിലും ഇന്ന് ആ കുടുംബങ്ങളില്ല. മീനച്ചിലും തെക്കുംകൂറും തമ്മില്‍ പലപ്പോഴും യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട് . ഈ യുദ്ധങ്ങളുടെ മുഖ്യരംഗം പാലായ്ക്കടുത്തുള്ള കടപ്പാട്ടൂരായിരുന്നു. 

   തിരുവിതാംകൂറിനോടു യുദ്ധം ചെയ്തിരുന്ന തെക്കുംകൂറിനെ ഞാവക്കാട്ടുകര്‍ത്താക്കള്‍ സഹായിച്ചുകൊ ണ്ടിരുന്നു  എന്ന കാരണത്താലാണ് മാര്‍ത്താണ്ഡവര്‍മ്മ മീനച്ചിലും പിടിച്ചടക്കിയത്. തിരുവിതാംകൂര്‍ സൈന്യം മീനച്ചിലില്‍ പ്രവേശിച്ചപ്പോള്‍ മീനച്ചില്‍ കര്‍ത്താക്കള്‍ കുടുംബാംഗങ്ങളൊടൊപ്പം വടക്കോട്ടു പലായനം ചെയ്തു. കോഴിക്കോട് സാമൂതിരിയുടെ പക്കലാണ് അവര്‍ അഭയം തേടിയത്. ഇത് 1754 ലായിരിക്കമെന്നു കണക്കാക്കിയിരിക്കുന്നു. 1766 ല്‍ ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍ കോഴിക്കോട് മീനച്ചില്‍ രാജവംശത്തിലെ രണ്ടു  സ്ത്രീകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു. ബാക്കിയുള്ളവരെല്ലാം തന്നെ മറ്റ് ഹൈന്ദവകുടുംബങ്ങളൊടൊപ്പം തിരുവിതാംകൂറിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. ധര്‍മ്മരാജാവ് ഇവര്‍ക്ക് തന്‍റെ രാജ്യത്ത് അഭയം നല്‍കി. മീനച്ചിലിനടുത്ത് മേവിടയില്‍ അവര്‍ക്കായി ഒരു കെട്ടിടം പണിതുകൊടുത്തു. അന്നുമുതല്‍ക്ക് ഞാവക്കാട് കുടുംബത്തിന് തിരുവിതാംകൂര്‍ ഗവണ്‍മെന്‍റില്‍ നിന്ന് അടുത്തൂണ്‍ ലഭിച്ചിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ കൂട്ടിച്ചേര്‍ത്ത നാട്ടുരാജ്യങ്ങള്‍ തിരുവിതാംകൂറിനോട് അഭേദ്യമായി ബന്ധിപ്പിക്കുന്നതിനാണ് ധര്‍മ്മരാജാവ് (1758-1798) പരിശ്രമിച്ചത്. കോട്ടയം ജില്ല അന്നത്തെ തിരുവിതാംകൂറിന്‍റെ മൂന്നു ഡിവിഷനുകളില്‍ ഒന്നായ നോര്‍ത്തേണ്‍ ഡിവിഷന്‍റെ ഭാഗമായിരുന്നു. 

മീനച്ചിലാറ് 

                           കൊടുങ്ങല്ലൂരില്‍ പതിക്കുന്ന പെരിയാറിന് ഏകദേശം 58 മൈല്‍ തെക്കുമാറി ബാരീസാ എന്ന മറ്റൊരു നദിയുള്ളതായി ടോളമി രേഖപ്പെടുത്തിയിരിക്കുന്നു. പാലാ പട്ടണത്തില്‍ക്കൂടി ഒഴുകുന്ന മീനച്ചിലാറ് ആകാന്‍ പാടില്ലേ ഈ നദി എന്ന് തമിഴ് ചരിത്രപണ്ഡിതനായ കനകസഭാപതപ്പിള്ള സംശയിക്കുന്നു. ((Tamil 1800 Years Ago-Page-19) വയസ്ക്കരയിലേക്ക് ജലമാര്‍ഗ്ഗം, പ്രസിദ്ധമായ പാലാ കുരുമുളക് കയറ്റി അയച്ചിരുന്ന സ്ഥലം ടോളമി രേഖപ്പെടുത്തിയിട്ടുള്ളത് പുന്നട്ട (Pounnatta) എന്ന പേരിലാണ്. മീനച്ചിലാറിന്‍റെ തീരത്തുള്ള പുന്നത്തുറ ആയിരക്കാനാണു സാദ്ധ്യത. വെള്ളച്ചാട്ടമില്ലാത്ത കേരളത്തിലെ ചുരുക്കം ചില നദികളില്‍ ഒന്നാണ് മീനച്ചിലാറ്. പതനസ്ഥലം മുതല്‍ ഉദ്ഭവസ്ഥാനം വരെ ഗതാഗതയോഗ്യവുമാണ്. വയസ്ക്കരയില്‍ നിന്നും വിദേശവ്യാപാരികളുടെ കച്ചവട നൗകകള്‍ പുന്നത്തുറവരെയോ കിഴക്ക് അരുവിത്തുറ വരെയോ വന്നുകൊണ്ടിന്നിരിക്കണം. ഈ നിഗമനത്തിനാധാരം കുരുമുളക് വ്യാപാരത്തിന് പ്രസിദ്ധമായ പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് മീനച്ചിലാറുമായുള്ള സാമീപ്യമാണ്. പാലാ അങ്ങാടി പ്രസിദ്ധമായതും കുരുമുളക് ഉല്‍പാദന വിപണനകേന്ദ്രം എന്ന നിലയാക്കായിരുന്നുവല്ലൊ. പാലായുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ബസ് സ്റ്റേഷന്‍റെ ഇപ്പോഴത്തെ നിര്‍ഗ്ഗമന കവാടമായി ഉപയോഗിക്കുന്ന റോഡിന്‍റെ ആറ്റില്‍നിന്നും മെയിന്‍ റോഡില്‍ എത്തുന്നിടം വരെയുള്ള ഭാഗം കെട്ടുവള്ളങ്ങള്‍ അടുക്കാനും വള്ളക്കമ്പനി നടത്തുന്നതിനും ഉപയോഗിച്ചിരുന്നു. ലോറികളും മറ്റു ചരക്കുവാഹനങ്ങളും ധാരാളമായി ഉപയോഗിച്ചുതുടങ്ങിയതോടുകൂടി ജലഗതാഗതം തീരെ നിന്നുപോയി. തടിച്ചങ്ങാടങ്ങളും കെട്ടുവള്ളങ്ങളും വേനല്‍ക്കാലത്തുപോലും ഈരാറ്റുപേട്ടവരെ കൊണ്ടു പോകുന്നതിന് മണല്‍നീക്കുന്നതിനുള്ള ചാലുമാന്തികള്‍ ഇല്ലാതായിട്ട് 80 വര്‍ഷം പോലും ആയിട്ടില്ല. 

പാലാ കമ്പോളത്തിന്‍റെ പൂര്‍വ്വചരിത്രം 

           പാലാ പട്ടണത്തിന്‍റെ ആരംഭം ഇന്നു പലര്‍ക്കും അജ്ഞാതമാണ്. തമിഴ്നാട്ടില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ചെട്ടിയന്മാരാണ്  കമ്പോളം പണിയിച്ച് ഒരു കച്ചവട കേന്ദ്രമാക്കി തീര്‍ത്തത്. തുടര്‍ന്ന പാലാ അങ്ങാടിയുണ്ടായതും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും ഇപ്രകാരമാണ്. 

     അരുണാപുരത്തുള്ള ആനക്കുളങ്ങര ദേവീക്ഷേത്രത്തിന്‍റെ നിര്‍മ്മാണചരിത്രവും പാലാക്കമ്പോളത്തിന്‍റെ പൂര്‍വ്വചരിത്രവും ബന്ധപ്പെട്ടുകിടക്കുന്നു. പൊന്‌മുത്തേല്‍ ശ്രീ കൃഷ്ണന്‍ ചെട്ടിയാരുടെ കൈവശമുണ്ടായിരുന്ന താളിയോല ഗ്രന്ഥത്തില്‍ നിന്നും തുണ്ടത്തില്‍ ശ്രീ കുഞ്ഞന്‍ചെട്ടിയാര്‍ നേരിട്ടു പകര്‍ത്തിയ രേഖകളില്‍നിന്ന് "ഓല-1" കൊല്ലം 900-ാം മാണ്ടു  തുലാമാസം 5-ാം തീയതി പാലാക്കമ്പോളം വയ്ക്കുന്നതിന് നിശ്ചയിപ്പാനായിട്ട് മീനച്ചില്‍ ശാസ്താംകോവില്‍നിന്നും മീനച്ചില്‍ കര്‍ത്താവ് നീളലത്തുവാര്യത്തിരിക്കുമ്പോള്‍ ധര്‍മ്മദൈവത്തിന്‍റെ കാര്യം അറിയിക്കത്ത വണ്ണമെല്ലാം പീടിക വയ്ക്കുന്നതിനും നിലം നിശ്ചയിക്കുന്നതിനും കൂടെ പാലാത്തു കൊച്ചെളയന്ത ചെട്ടിയാരും, കീച്ചേരില്‍ പടുത്താന്‍ചെട്ടിയാരും, ഇവര്‍ ഏഴുപേരുംകൂടെ ളാലത്തു വാര്യത്തു ചെന്ന് കര്‍ത്താവിനെ കണ്ടു  ആനക്കുളങ്ങര ഭഗവതിക്ക് ഇവിടെ ശ്രീകോവിലും അമ്പലവും പണിയിച്ച് പ്രതിഷ്ഠയും കലശവും കഴിപ്പിക്കായ്ക കൊണ്ടും വളരെ ശോദ്യം വന്നിരിക്കുന്നുവെന്നും ആയതിനു നിലം തരണമെന്നും എല്ലാപേരുംകൂടി അറിയിച്ചതിന്‍റെ ശേഷം എവിടം കൊള്ളാമെന്ന് (ഓല 2) നിശ്ചയം വരുത്തിയാല്‍ അവിടം തരാമെന്നും കല്‍പിച്ചു. ആയതിന്‍റെ ശേഷം അരുണാപുരത്തുള്ള ചെങ്ങരമ്യാല്‍ മൂന്നു പറ ഭഗവതിക്കായിട്ട് കല്‍പിച്ച് വരയ്ക്കയാനിക്കല്‍ പൂരംനാള്‍ പുറന്ന ഇട്ടിച്ചെട്ടിയാരുടെ കൈയില്‍ ഇവരെല്ലാവരുംകൂടെ നില്‍ക്കുമ്പോള്‍ പറയും കൊടുത്തു. പീടികവെപ്പാനും അന്നുതന്നെ കാവളക്കൂന്ന് നാലുപേര്‍ക്കായിട്ട് കല്പിച്ചു വിട്ടുകൊടുത്തു. ഈ വകയ്ക്ക് 64 രാശി കാഴ്ചയും വച്ചു. പീടികയും വച്ച് പാലും കാച്ചി ഇരുന്നതിന്‍റെ ശേഷം കാവുപണിയുടെ കാര്യം കൊണ്ടു തയ്യില്‍ തേവന്‍ചെട്ടിയാരുടെ മുണ്ടുപാലത്തുങ്കല്‍ താവന്‍ചെട്ടിയാരും എലിക്കുഴിയില്‍ കുഞ്ഞന്‍ (ഓല 3) ചെട്ടിയാരും, മുടവനാട്ടു രാമന്‍ചെട്ടിയാരും ഇവരെട്ടുപേരും അവിടെ വച്ചു ഗുണദോഷം വിചാരിച്ചാറെ തട്ടാറാത്തു കാവില്‍ക്കൂടെ കിഴക്കു മുഖമായിട്ട് പണിയിച്ചിരുത്തണമെന്ന് മുണ്ടു  പാലത്തുങ്കല്‍ താ വന്‍ ചെട്ടിയാരു പറഞ്ഞതിന്‍റെ ശേഷം അവിടം പോരാ എന്നും കല്‍പിച്ചു തന്നിടത്തും തന്നെ പണിയിക്കണമെന്നും ശേഷം പേരുപറയ്ക കൊണ്ടു  എല്ലാവര്‍ക്കും ബോധിച്ചത് ചെങ്ങര തന്നെ എന്നു നിശ്ചയിച്ച്.... (ആകെ ഓല 8, 7-ാം ഓല ഇല്ല)

                 ഇതിന്‍ പ്രകാരം പാലാ കമ്പോളത്തിന്‍റെ പ്രാരംഭപ്രവര്‍ത്തനം 900-മാ ണ്ടു  തുലാമാസം 5-ാം തീയതി ആരംഭിച്ചെന്നും കാവളക്കുന്നിലാണ് (ഇന്നത്തെ ആശുപത്രിക്കുന്ന്, ചെട്ടിക്കുന്ന് എന്നു പറയപ്പെടുന്ന) ആദ്യം കെട്ടിടം പണിയിച്ചത് എന്നു തെളിയുന്നു. അവിടെ പീടികയും വച്ച് പാലും കാച്ചിയിരുന്നതിന്‍റെ ശേഷം 903 മാണ്ടു  മകരമാസം 5-ാം തീയതിയാണ് അരുണാപുരത്തുള്ള ആനക്കുളങ്ങര ക്ഷേത്രത്തിന്‍റെ പണിയാരംഭിച്ചത്. 

                വേണാടു രാജാവായിരുന്ന ഉദയമാര്‍ത്താണ്ഡന്‍ എ.ഡി. 825 ല്‍ ഒരു സംവത്സരം പുതിയതായി ഉ ണ്ടാ ക്കാന്‍ തീരുമാനിക്കുകയും കൊല്ലത്ത് ജ്യോതിശാസ്ത്രസമ്മേളനം വിളിച്ചുകൂട്ടി 825 ല്‍ കൊല്ലവര്‍ഷം എന്ന മലയാള വര്‍ഷം ആരംഭിക്കുകയും ചെയ്തുവെന്നത് ചരിത്രം. ഇതനുസരിച്ച് പാലാക്കമ്പോളം 1725 ല്‍ ആരംഭിച്ചെന്നു കാണാം. 

                      തുടര്‍ന്ന് 1736 ല്‍ അന്നു നാടുവാണിരുന്ന മീനച്ചില്‍ കര്‍ത്താവാണ് മീനച്ചിലാറിന്‍റെ വടക്കേക്കരയില്‍ തന്നെ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് പാലാ അങ്ങാടി (പഴയചന്ത) സ്ഥാപിച്ചത്. വ്യാപാരകാര്യങ്ങളില്‍ വിദഗദ്ധരായിരുന്ന ക്രൈസ്തവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. വ്യാപാരം പുഷ്ടിപ്പെടുന്നതോടെ നികുതിയിനത്തിലും മറ്റുമായി രാജ്യത്തിന്‍റെ വരുമാനം വര്‍ദ്ധിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അങ്ങാടിയുടെ സംരക്ഷണത്തിനുവച്ചിരുന്ന പടയാളികളുടെ കുതിരാലയം അടുത്ത കുന്നില്‍ ഉണ്ടായിരുന്നതകൊണ്ടു  ലായം, ലാളവും തുടര്‍ന്ന് ളാലവും ആയതാവണം. അങ്ങാടിയിലെ സ്ഥിരതാമസക്കാരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരായിരുന്നു. അവര്‍ അടിക്കടി അഭിവൃദ്ധിപ്പെടുകയായിരുന്നു. 1752 ല്‍ വേണാടുരാജ്യത്തെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് മീനച്ചില്‍ പ്രദേശങ്ങള്‍ പടവെട്ടി പിടിച്ചതിനു ശേഷവും പില്‍ക്കാലത്തു നിയമവാഴ്ചയും വ്യവസ്ഥാപിത ഭരണവും പുനഃസ്ഥാപിതമായതോടെ ജനജീവിതം കൂടുതല്‍ സുരക്ഷിതമായിത്തീരുകയാണുണ്ടായത്. മതസൗഹാര്‍ദ്ദം നിലനിന്നിരുന്നു എങ്കിലും സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്‍റെ ഭരണകാലത്ത് പാലായില്‍ കുപ്രസിദ്ധമായ കുടവഴക്ക് ഉ ണ്ടാകാനിടയായി. പോര്‍ട്ടുഗീസുകാരുമായുണ്ടായ  ദീര്‍ഘകാല സമ്പര്‍ക്കം കേരള ക്രൈസ്തവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ വലിയ പരിവര്‍ത്തനം വരുത്തിയിരുന്നു. പല പരിഷ്കൃത രീതികളും പകര്‍ത്തി. ബഞ്ച്, കസേര, മേശ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. അതിനുമുമ്പ് നിലത്തിരുന്നാണ് എഴുത്തും വായനയും നടത്തിയിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും. ഇന്നത്തേതുപോലെ മത്സ്യാമാംസാദികള്‍ പോര്‍ട്ടുഗീസുകാരുടെ വരവിനുമുമ്പ് ക്രൈസ്തവസദ്യകളില്‍ വിളമ്പിയിരുന്നില്ല. മദ്യത്തിനു പ്രചാരം ലഭിക്കുകയും പള്ളിത്തിരുനാള്‍ സദ്യക്കുപോലും മദ്യം വിളമ്പുന്ന പതിവും നിലവില്‍ വരികയും ചെയ്തു.പാലാ ചങ്ങനാശ്ശേരി രൂപതയില്‍ ഉള്‍പ്പെട്ടിരുന്നകാലത്ത് രൂപാദ്ധ്യക്ഷന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പള്ളിത്തിരുനാളിന് മദ്യം വിളമ്പുന്ന പതിവ് നിരോധിക്കുകയു ണ്ടായി. 

                            സാമൂദായികമായും സാംസ്കരികമായും സാമ്പത്തികമായും ക്രമാനുഗതമായു ണ്ടായ  പുരോഗതിയോടൊപ്പം ജനമദ്ധ്യേ അനുഭവപ്പെട്ടിരുന്ന രാഷ്ട്രീയാവശതകള്‍ പരിഹരിക്കുന്നതിനായി ഉടലെടുത്ത് നിവര്‍ത്തനപ്രക്ഷോഭണത്തിലും തുടര്‍ന്നുള്ള സ്വാതന്ത്ര്യ സമരത്തിലും പാലായിലെ ജനങ്ങള്‍ എന്നും നേതൃസ്ഥാനത്തു നിന്നിട്ടുണ്ട് . 

             വൈകിയാണെങ്കിലും പാലാ ഒരു മുനിസിപ്പല്‍ നഗരമായി പ്രഖ്യാപിക്കുകയും ഭാരതം സ്വതന്ത്രമാവുകയും ചെയ്ത കാലഘട്ടം പാലായുടെ പുരോഗമനവീഥിയിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു എന്ന് കാണാന്‍ കഴിയും. തുടര്‍ന്നുള്ള സംഭവങ്ങളും വസ്തുതകളും അനുസ്മരിക്കുമ്പോള്‍ പാലായ്ക്ക് ഒരു സുവര്‍ണ്ണകാലം അന്നുമുതല്‍ ഉദയം ചെയ്തതായും കാണാം. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ 11.02.1947-ലെ ROC No. 1760 B44LGA നമ്പര്‍ ഗവ. വിജ്ഞാപനം മൂലം പാലാ മുനിസിപ്പാലിറ്റി രൂപം കൊണ്ടു . എങ്കിലും പ്രവര്‍ത്തനം ആരംഭിച്ചത് 24-11-1949 ല്‍ ആണ്. തൊട്ടുമുമ്പ് വില്ലേജ് യൂണിയന്‍ ആയിരുന്നു. 

                അന്നത്തെ നിയമനിര്‍മ്മാണസഭയുടെ കാലത്ത് അണുണ്ടായിരുന്ന ശ്രീമൂലം പ്രജാസഭയിലേക്ക് മൂന്നു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട യശ. ജെ. തോമസ് കയ്യാലയ്ക്കകമായിരുന്നു വില്ലേജ് യൂണിയന്‍റെ ആദ്യത്തെ ചെയര്‍മാന്‍. ഇന്നത്തെപ്പോലെ ഗ്രാമങ്ങള്‍ തോറും പഞ്ചായത്തുകളും പട്ടണങ്ങള്‍തോറും മുനിസിപ്പാലിറ്റികളും രൂപീകരിച്ചിരുന്നില്ല. ഇടത്തരം പട്ടണങ്ങളില്‍ മാത്രം പഞ്ചായത്തുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അപൂര്‍വ്വം ചിലപട്ടണങ്ങളില്‍ മാത്രം മുനിസിപ്പാലിറ്റികളും. ഇവ രണ്ടിനും അര്‍ഹതയില്ലാതിരുന്ന ചെറുപട്ടണമായിരുന്ന പാലായ്ക്ക് അനുവദിച്ചുകിട്ടിയ വില്ലേജ് യൂണിയന്‍റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇന്നു കാണുന്ന പലതിനും തുടക്കം കുറിച്ചത് അദ്ദേഹമാണ്. ആശുപത്രിക്കടവിന് തൊട്ടുമുകളിലായി മീനച്ചിലാറിനുകുറുകെ പാലം നിര്‍മ്മിക്കാനുള്ള അനുവാദം ലഭിച്ചത് അദ്ദേഹത്തിന്‍റേയും കൂടി ശ്രമഫലമായാണ്. പ്രജാസഭമെമ്പറെന്നനിലയില്‍ അന്നത്തെ ദിവാനായിരുന്ന മോറീസ് വാട്സിനെ സ്വാധീനിക്കാനും അനുവാദം വാങ്ങാനും അദ്ദേഹത്തിനുകഴിഞ്ഞു. പാലത്തിന്‍റെ പണി യഥാകാലം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പഴയരീതിയിലുള്ള ഒരു ഇരുമ്പു പാലമായിരുന്നു അത്. ആറ്റില്‍ ഉറപ്പിച്ചിരുന്ന ഇരുമ്പുതൂണുകള്‍ വലിയ വെള്ളപ്പൊക്കത്തില്‍ ഇളകി പോവുകയാണുണ്ടായത് . വളരെക്കാലങ്ങള്‍ക്കുശേഷം തൊട്ടുതന്നെ ഇപ്പോഴത്തെ കോണ്‍ക്രീറ്റു പാലം നിര്‍മ്മിക്കപ്പെട്ടു. പാലാ ആശുപത്രിയുടെ പ്രസവവാര്‍ഡുപണി കഴിപ്പിച്ചതും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. ആശുപത്രി നിരമ്മാണഫണ്ടിനുവേണ്ടി നാട്ടുകാരായ ചെറുപ്പക്കാരേയും ഏതാനും ഉദ്യോഗസ്ഥരെയും സംഘടിപ്പിച്ച് ഒരു നാടകസമിതി രൂപീകരിക്കാനും ടിക്കറ്റു വച്ച് അവരുടെ നാടകം നടത്താനും തയ്യാറായി. ആവശ്യമായി വന്ന തുകയുടെ വലിയൊരംശം സ്വന്തമായും ചിലവഴിച്ചു. മുനിസിപ്പാലിറ്റിക്കുവേണ്ടിയുള്ള പരിശ്രമങ്ങളിലും അദ്ദേഹം പങ്കാളിയാണ്. വില്ലേജ് യൂണിയന്‍റെ ചെയര്‍മാനായിരുന്ന യശ. ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ തുടര്‍ച്ചയായ ശ്രമം പാലാ മുനിസിപ്പാലിറ്റിയുടെ രൂപീകരണം സാദ്ധ്യമാക്കി. 

                     മുനിസിപ്പാലിറ്റി രൂപം കൊണ്ട  കാലത്ത് യശ. ആര്‍.വി. തോമസ് ആയിരുന്നു സ്ഥലത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍. സര്‍ സി.പി. രാമസ്വാമി അയ്യര്‍ രാജ്യം വീട്ടെങ്കിലും കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് പലയിടത്തും നിലനിന്നിരുന്ന ഘട്ടമായിരുന്നു അത്. ശ്രീ ആര്‍. വി. തോമസിന്‍റെ സ്വാധീനം നിമിത്തമാണ് ആദ്യം നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉണ്ടാകാൻ ഇടയായത്. അംഗങ്ങള്‍ യോഗം ചേര്‍ന്ന് ശ്രീ ആര്‍.വി. യെത്തന്നെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ രാജദ്രോഹക്കേസില്‍ ശിക്ഷിക്കപ്പെട്ട സാങ്കേതിക കാരണം കൊണ്ടു  അദ്ദേഹത്തിന് പ്രസിഡന്‍റ്സ്ഥാനം വഹിക്കാന്‍ നിര്‍വാഹമില്ലാതെവന്നു. മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ നിര്ദേശമുണ്ടായെങ്കിലും കൗണ്‍സില്‍ വിസമ്മതിക്കുകയും ചെയ്തു. 

                                   ഈ പ്രതിസന്ധിയില്‍ ഗവണ്‍മെന്‍റിന്‍റെ ഒരു നോമിനി മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനം ഔപചാരികമായി നടത്തുകയാണു ഉണ്ടായത് . അചിരേണ ശ്രീ ആര്‍.വി. തോമസ് തിരുവിതാംകൂര്‍ ഭരണഘടനാനിര്‍മ്മാണസഭാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴേക്കും സാങ്കേതികമായി ഉണ്ടായിരുന്ന തടസ്സം നീങ്ങുകയും ചെയ്തു. എങ്കിലും മറ്റുജോലിയില്‍ ഏര്‍പ്പെട്ടതിനാല്‍ മറ്റൊരാളെ പ്രസിഡന്‍റായി തെരഞ്ഞെടുക്കേണ്ടതായും വന്നു. കൗണ്‍സില്‍ അംഗം പോലുമല്ലാതിരുന്ന യശ. ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളിയെ 1949 ഒക്ടോബര്‍ 26-ാം തീയതി കോട്ടയം പേഷ്ക്കാര്‍ ശ്രീ എ. കാസിമിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ആദ്യമായി ജന്മമെടുത്ത പാലാ മുനിസിപ്പാലിറ്റിയുടെ ആദ്യപ്രസിഡന്‍റായി ശ്രീ ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളി ഭരണഭാരം ഏറ്റെടുത്തു പ്രവര്‍ത്തിച്ചുതുടങ്ങി. രണ്ടാമത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ഘട്ടത്തിലാണ് അദ്ദേഹം ഇദംപ്രഥമായി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ചപണവും നഷ്ടമായി. ആയിരക്കണക്കിനു രൂപാ. സ്വന്തം കൈയ്യില്‍ നിന്ന് ചെലവഴിച്ചണ് പ്രാരംഭഘട്ടത്തില്‍ മുനിസിപ്പല്‍ ഭരണം മുന്നോട്ടുകൊണ്ടുപോയത്. ഫൻഡനുവധിക്കാൻ   കാലതാമസം നേരിട്ടപ്പോള്‍ ജീവനക്കാരുടെ ശമ്പളം അദ്ദേഹം തന്നെ കൊടുക്കുവാനും മടിച്ചില്ല. ഇക്കാലത്ത് പാലായിലെ വലിയപാലം (High Level Bridge എന്ന് അന്നു പറഞ്ഞിരുന്നു.) അനുവദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായത്. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭണത്തെത്തുടര്‍ന്ന് രൂപീകൃതമായ മന്ത്രിസഭയില്‍ ശ്രീ ഇ.ജെ. ഫീലിപ്പോസ് മരാമത്തു വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു. പാലത്തിന്‍റെ കാര്യം ശ്രദ്ധയില്‍പ്പെടത്തിയപ്പോള്‍ ഫണ്ടിന്‍റെ കുറവ് പ്രതിബന്ധമായി. അതിനാല്‍ ടോള്‍ പിരിക്കണമെന്നുള്ള കൊട്ടുകാപ്പിള്ളിയുടെ ബദല്‍ നിര്‍ദ്ദേശം സ്വീകാര്യമായി അതനുസരിച്ച് പാലം പണിക്കുള്ള പണം മന്ത്രി നേരിട്ട് അനുവദിക്കുകയും ചെയ്തു. മീനച്ചില്‍ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പാലത്തിന്‍റെ പണി യഥാകാലം പൂര്‍ത്തിയായി. അതിന്‍റെ ഉദ്ഘാടനം തിരുക്കൊച്ചി രാജപ്രമുഖനാണ് നിര്‍വ്വഹിച്ചത്. മാര്‍ത്താണ്ഡവര്‍മ്മക്കുശേഷം ഒരു തിരുവിതാംകൂര്‍ രാജാവ് മീനച്ചിലില്‍ കാലുകുത്തുന്നത് ആദ്യമാണ്. ഇതിന്‍റെ പിന്നില്‍ രസകരമായ ഒരു കഥ (കെട്ടുകഥയുമാകാം) കേട്ടിട്ടുണ്ട് . തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ മേല്‍ക്കോയ്മയു ണ്ടായിരുന്ന മീനച്ചില്‍ പ്രദേശം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കിയപ്പോള്‍ താന്‍ മടങ്ങി വരുമ്പോള്‍ അതു തിരികെ നല്‍കാമെന്ന് പരാജിതനായ നാടുവാഴിയോടു പറഞ്ഞുപോലും. ഈ വാഗ്ദാനം പാലിക്കാന്‍ തുടര്‍ന്ന് തിരുവിതാംകൂറിലെ ഒരു രാജാവും സ്ഥലത്തു വന്നിട്ടില്ല. രാജപ്രമുഖന്‍ എന്ന നിലയില്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1953 ഏപ്രില്‍ 19-ാം തീയതി പാലായില്‍ വന്ന് പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

       1949 നവംബര്‍ മാസത്തില്‍ ഭാരതം ജനാധിപത്യഭരണരീതി സ്വീകരിച്ചു. 1950 ജനുവരി 26 മുതല്‍ ഭരണഘടന പ്രയോഗത്തില്‍ വന്നു. 1955 ല്‍ കേന്ദ്രഗവണ്മെന്‍റിലേയും സംസ്ഥാന ഗവണ്‍മെന്‍റുകളിലേയും ഭരണകക്ഷി സോഷ്യലിസം അതിന്‍റെ അടിസ്ഥാന നയവും ലക്ഷ്യവുമായി പ്രഖ്യാപിച്ചു ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണസ്ഥാപനങ്ങളുടെ ഘടനയും പുനഃസംവിധാനം രാഷ്ടീയ ഘടനയുടെ എല്ലാ ഘടകങ്ങളിലും ഒരഴിച്ചുപണി ആവശ്യമായിരുന്നു. 

     മുനിസിപ്പാലിറ്റികളുടെ ആവിര്‍ഭാവവും വളര്‍ച്ചയും 

        തിരുവിതാംകൂര്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ആവിര്‍ഭവിക്കുന്നത് 1096 ലെ  രണ്ടാം റെഗുലേഷനിലൂടെ നിലവില്‍ വന്ന നഗരോദ്ധാരണസമിതി (Town Improvement Committe) യിലൂടെയാണ്. 1096-ലെ മൂന്നാം റഗുലേഷന്‍ ഈ സമിതികള്‍ക്ക് കൂടുതല്‍ അധികാരം നല്കുകയും സമിതിയിലെ പകുതി അംഗങ്ങളെ നികുതിദായകര്‍ തെരഞ്ഞെടുക്കണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തു. 1095 ലെ മുനിസിപ്പല്‍ റെഗുലേഷന്‍. മുനിസിപ്പല്‍ കൗണ്‍സിലുകളുടെ അധികാരപരിധി വിപുലപ്പെടുത്തുകയും കൗണ്‍സില്‍ അനൗദ്യോഗിക ഭൂരിപക്ഷത്തിന് വ്യവസ്ഥ ചെയ്യുകയുമാണുണ്ടായത് . 1116 ലെ (1941) 23-ാം ആക്ടായ തിരുവിതാംകൂര്‍ ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റീസ് ആക്ട് വന്നതോടുകൂടി ഒരു രാജഭരണത്തില്‍ അനുവദിക്കാവുന്നതിന്‍റെ പരമാവധി സ്വയം ഭരണാവകാശം മുനിസിപ്പാലിറ്റികള്‍ക്കും ലഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള തിരുവിതാംകൂറിലും തിരുകൊച്ചി വളര്‍ന്ന് കേരളത്തിലും 1947 ഓഗസ്റ്റ് 15 നും മുമ്പുള്ള മുനിസിപ്പല്‍ നിയമങ്ങളാണ് നിലവിലിരുന്നത്. 1961 ലെ കേരളാ മുനിസിപ്പാലിറ്റീസ് ആക്റ്റ് പഴയ നിയമങ്ങളിലെ നിയമവ്യവസ്ഥകള്‍ ഏതാണ്ട്   അതേപടി ആവര്‍ത്തിക്കുകയും നികുതിഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തതല്ലാതെ ജനാധിപത്യ സോഷ്യലിസ്റ്റ് സമൂഹഘടനയുടെ ആദ്യപടിയായി സ്വയം ഭരണസ്ഥാപനങ്ങളെ പുനസംവിധാനം ചെയ്തില്ല. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 74-ാം ഭേദഗതിയനുസരിച്ച് 1994 ലെ കേരളാ മുനിസിപ്പാലിറ്റി ആക്ടിലും ഭരണഘടനയിലും സോഷ്യല്‍ പ്ലാനിംഗ് എന്ന കാഴ്ചപ്പാട് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് നമ്മുടെ മുനിസിപ്പാലിറ്റിയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ അനുകൂലമായി ഒരു സ്ഥിതി സംജാതമാക്കിയിട്ടുണ്ടു . 

     പാലായുടെ ഒന്നാമതു പ്രസിഡന്‍റായി ഭരണഭാരം ഏറ്റ യശ. ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ നേതൃത്വത്തില്‍ ഒന്നാമതു കൗണ്‍സിലിന്‍റെ കാലം 13-12-1953 ല്‍ അവസാനിക്കുകയും 14-2-53 മുതല്‍ 1-3-53 വരെ കോട്ടയം സബ്കളക്ടര്‍ തുടരുകയും രണ്ടാമത് കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി ശ്രീ ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളി 2-3-53 മുതല്‍ അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്‍റ് മെമ്പറായ തിരഞ്ഞെടുക്കപ്പെടും വരെ 14-3-56 വരെ തുടരുകയും ചെയ്തു. തുടര്‍ന്നു വൈസ് ചെയര്‍മാനായിരുന്ന അഡ്വ. എന്‍.പി. കൃഷ്ണന്‍നായര്‍ ചെയര്‍മാന്‍റെ പദവികൂടി 30-11-53 വരെ അലങ്കരിച്ചു. 30-11-53 മുതല്‍ 14-3-56 വരെ യശ. കെ.സി. സെബാസ്റ്റ്യന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു.

       ഇക്കാലത്തെ ഒരു പ്രത്യേകത 21-1-1954 വരെ മുഴുവന്‍ കാര്യനിര്‍വഹണാധികാരിയായും മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു എന്നുള്ളതാണ്. 22-1-54 മുതല്‍ കമ്മീഷണര്‍ ഉദ്യോഗം പാലായില്‍ നിലവില്‍ വന്നു. 

         പാലാ നഗരസഭാ ഓഫീസ് രാമപുരം റോഡിലുള്ള വെള്ളരിങ്ങാട്ടു ബില്‍ഡിംഗിലാണ് ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. യശ. ചെറിയാന്‍ ജെ. കാപ്പന്‍ ചെയര്‍മാനായിരുന്ന അവസരത്തില്‍ ഈ ഓഫീസ് ബസ്സ് സ്റ്റാന്‍റിനു സമീപമുള്ള ചെറുപുഷ്പം ബില്‍ഡിംഗിലേക്കു മാറ്റി സ്ഥാപിച്ചു. ശ്രീ തോമസ് ജോസഫ് കൊട്ടുകാപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാനായിരുന്നപ്പോഴാണ് ഇപ്പോഴുള്ള മുനിസിപ്പല്‍ ഓഫീസ് കെട്ടിടം നിര്‍മ്മിച്ച് ആസ്ഥാനം മാറ്റിയത്. പാലാ വാട്ടര്‍ സപ്ലെസ്കീം, സ്റ്റേഡിയം, ടൗണ്‍ ഹാള്‍ നിര്‍മ്മിച്ചതും അദ്ദേഹത്തിന്‍റെ പ്രയത്ന ഫലമാണ്. 

   പിന്നീട് വന്ന വിവിധ ഭരണാധികാരികള്‍ അവരവരുടെ കാലത്ത് പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്തു.